പെണ്ണിന്റെ ഫ്രണ്ടും ബേക്കും നോക്കി ശരീരസൗന്ദര്യം അളക്കുന്നവര്‍ അറിയുക വൈറലായ കുറിപ്പ്
ഒരു പെണ്ണിന്റെ ഫ്രണ്ടും ബേക്കും നോക്കി ശരീര സൗന്ദര്യം അളക്കുന്ന സഹപാഠികളുടെ സ്ഥിരം ഇരയായി മാറിയതില്‍ ഞാനിന്നൊട്ടും ഖേദിക്കുന്നില്ല...
കാരണം ഒരു പെണ്ണെന്നാല്‍ വടിവൊത്ത ശരീരവും, തൂവെള്ള നിറവും, വട്ട മുഖവും, വിടര്‍ന്ന കണ്‍മഷിയെഴുതിയ കണ്ണുകളും, മുട്ടൊപ്പം നീട്ടി വളര്‍ത്തിയ മുടിയും ഒക്കെ ഒത്തുവന്നവളല്ല എന്ന് എനിക്ക് ബോധ്യമായത് എന്റെ പ്രിയപ്പെട്ടവന്‍ എനിക്കു നല്‍കുന്ന ആത്മവിശ്വാസത്തിലാണ്.
സ്‌കൂള്‍ പഠനം കഴിഞ്ഞ് കോളേജ് ലൈഫിലെത്തിയപ്പോഴാണ് എന്റെ മെലിഞ്ഞ ശരീരത്തെ ഞാന്‍ തന്നെ വെറുത്തു തുടങ്ങിയത്.''ഡീ... നീര്‍ക്കോലീ... വെറുതെ ആ ഭാഗത്തേക്ക് നോക്കി കണ്ണു വേദനിപ്പിക്കണ്ട... ഈ ശരീരം വെച്ചു കൊണ്ട് നിന്നെ പ്രേമിക്കാന്‍ ഈ കോളേജിലൊരുത്തനും വരില്ല...'നഴ്‌സിങ് ആദ്യ വര്‍ഷ ബാച്ചിലെ ഒരു സഹപാഠിയുടെ മാസ്സ് ഡയലോഗായിരുന്നു അത്.അതോടെ ഒരു കാര്യം ഞാന്‍ ഉറപ്പിച്ചിരുന്നു.വണ്ണം ഇല്ലാത്തതിന്റെ പേരില്‍ മറ്റുള്ളവരെ പോലെ മുത്തശ്ശി മാവിന്റെ ചുവട്ടില്‍ കാമുകനൊത്ത് സല്ലപിക്കാനും, നീണ്ടു കിടക്കുന്ന കോളേജ് വരാന്തയുടെ പഴകിച്ച തൂണുകള്‍ക്കപ്പുറവും ഇപ്പുറവും നിന്ന് പ്രണയ സന്ദേഷങ്ങള്‍ കൈമാറാനും, വാലന്റേന്‍സ് ഡേക്ക് പ്രണയ ജോഡികള്‍ പരസ്പരം കൈമാറുന്ന സ്‌നേഹ സമ്മാനങ്ങള്‍ കൈമാറാനും ഈ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കുന്നതു വരെ എനിക്കു പറ്റില്ലെന്ന്.
ഇനി അഥവാ ഏതെങ്കിലും ഒരുത്തന്‍ ഒന്നു നോക്കി കമന്റടിച്ചാല്‍ അതിനും ഉണ്ടാവും ഒരു ന്യായം.''റേഷനരി പോലും കിട്ടാത്ത വീട്ടിലെ കുട്ടിയാണല്ലോ ദൈവമേ അത്'' എന്ന സഹതാപം കൊണ്ട് നോക്കിയതാവും എന്ന് പറഞ്ഞു കളിയാക്കുന്ന കൂട്ടുകാരികളുണ്ടെനിക്ക്.കളിയാക്കുമ്പോള്‍ അവര്‍ക്കൊപ്പം ചിരിച്ചു കൊടുക്കുമെങ്കിലും ഉള്ളിന്റെയുള്ളില്‍ ഒരു കടലോളം സങ്കടമുണ്ടാവും.നഴ്‌സിങ് പഠനം എന്റെ ഒരു സ്വപ്നമായിരുന്നു.ആദ്യമൊക്കെ എന്റെ ആഗ്രഹം ഞാന്‍ പറയുമ്പോള്‍ വീട്ടുകാര്‍ തന്നെ കളിയാക്കും ഒരു ഇഞ്ചക്ഷന്‍ പിടിക്കാന്‍ പോലുള്ള ആരോഗ്യം നിന്റെ ഈര്‍ക്കിളി പോലത്തെ കയ്യിനുണ്ടോ നന്ദനേ എന്ന് ചോദിച്ച്...
ഇന്ന് ബി.എസ്.സി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ഞാന്‍.21 വയസ്സുണ്ട് കാഴ്ചയിലെങ്കിലും ഒരു പതിമൂന്നുകാരിയുടെ ശരീര വളര്‍ച്ച പോലും എനിക്കില്ല.
ഒരു പെണ്ണെന്ന നിലയില്‍ സമൂഹത്തിനു മുന്നില്‍ ഞാന്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണിത്.കോളേജില്‍ മാത്രമല്ല നാട്ടിലും വീട്ടിലും ബന്ധുക്കളിലും ഞാന്‍ ഒരു പരിഹാസ്യ കഥാപാത്രം ആയി മാറിയിരുന്നു.വീട്ടുകാരോടൊപ്പം ഒരു കല്യണത്തിനു പോയാല്‍ പോലും കല്യാണ വീട്ടിലുള്ള ഒട്ടുമിക്ക ആള്‍ക്കാരുടെ ചോദ്യവും നിങ്ങളുടെ വീട്ടിലെന്താ അരിയിട്ട് വെക്കാറൊന്നുമില്ലേ എന്ന ഒരു തരം കളിയാക്കല്‍ നിറഞ്ഞ ചോദ്യങ്ങളായിരിക്കും.കല്യാണമൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയാല്‍ വീട്ടുകാരുടെ വക വേറെ... ഒന്നും തിന്നാത്തോണ്ടാണ് നീ വണ്ണം വെക്കാത്തതെന്നും ആള്‍ക്കാരുടെ മുന്നില്‍ അവരു ചെറുതായിപ്പോയതിന്റെ കണക്കൊക്കെ പറഞ്ഞ് ഒരു വഴക്കു പറച്ചില്‍.
ഇങ്ങനൊക്കെ ആണേലും ഞാനിന്ന് സന്തോഷവതിയാണ്..''മറ്റുള്ളവര്‍ എന്തോ പറഞ്ഞോട്ടെ... ഞാന്‍ നിന്റെ ശരീരത്തെയല്ല സ്‌നേഹിച്ചത്...നിന്റെ തൊലിവെളുപ്പ് കണ്ടിട്ടല്ല സ്‌നേഹിച്ചത്... എല്ലാവരോടും ചിരിച്ചു കൊണ്ട് മാത്രം സംസാരിക്കുന്ന നിന്റെ കളങ്കമില്ലാത്ത ഈ മനസ്സിനേയാണ്...' എന്നു പറഞ്ഞ് നെഞ്ചോട് ചേര്‍ത്തി നിര്‍ത്തി സ്‌നേഹിക്കാന്‍ എന്റെ പ്രിയപ്പെട്ടവനുണ്ട്.പരിഹാസ വാക്കുകള്‍ ചൊരിഞ്ഞവര്‍ക്കു മുന്നില്‍ മൂന്ന് വര്‍ഷമായുള്ള എന്റെ ആത്മാര്‍ത്ഥ പ്രണയം കൊണ്ടാണ് ഞാന്‍ മറുപടി പറഞ്ഞത്.ഇന്നും എന്റെ പ്രണയത്തിന് പത്തരമാറ്റിന്റെ തിളക്കമുണ്ട്.
(മെലിഞ്ഞു പോയതിന്റെ പേരിലും, നിറം കുറഞ്ഞതിന്റെ പേരിലും, വണ്ണം കൂടിയതിന്റെ പേരിലും സമൂഹത്തിനിടയില്‍ രണ്ടാം കിടയായി ജീവിക്കേണ്ടി വരുമ്പോള്‍... പരിഹാസവും കളിയാക്കലുകളും കൊണ്ട് ഒരു പെണ്ണിന്റെ സൗന്ദര്യത്തെ ഇല്ലാതാക്കുന്നവര്‍ ഒന്നോര്‍ക്കുക.പെണ്ണെന്നാല്‍ ശരീരത്തിനു പുറത്തുള്ള തൊലിവെളുപ്പും, ആകാര വടിവും അല്ല.മറിച്ച് മെലിഞ്ഞൊട്ടിയ ശരീരത്തിനുള്ളിലും, കറുത്തു തടിച്ച ശരീരത്തിനുള്ളിലും വിശാലമായ സ്‌നേഹിക്കാന്‍ അറിയുന്നൊരു മനസ്സുണ്ടെന്ന്.ഇത്തരം സന്ദര്‍ഭങ്ങളിലൂടെ കടന്നു പോകുന്ന എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും വേണ്ടി ഈ രചന ഞാന്‍ സമര്‍പ്പിക്കുന്നു)
രചനഃ ജാസ്മിന്‍

Comments
Post a Comment