പഠിക്കുന്ന സമയത്തുണ്ടായിരുന്ന അനുഭവം തുറന്നുകാട്ടിയ പെണ്‍കുട്ടി ശ്രദ്ധേയമാകുന്നു യുവാക്കള്‍ തീര്‍ച്ചയായും വായിക്കുക...............................
ആ ചുരിദാര്‍ യൂണിഫോമുമണിഞ്ഞു എട്ടാം ക്ലാസ്സിന്റെ വാതില്‍ കടന്നു അകത്തേക്ക് കയറുമ്പോള്‍ ഞങ്ങളെ വരവേല്‍ക്കാന്‍ അവിടെ അവനുമുണ്ടായിരുന്നു
പാവാടയില്‍ നിന്നും ചുരിദാറിലേക്ക് മാറിയ ആ കാലം.... അന്ന്, തൂവെള്ളയും കടുംനീല നിറത്തിലുള്ള യൂണിഫോമുമണിഞ്ഞു എട്ടാം ക്ലാസ്സിന്റെ പടികേറി ചെല്ലുമ്പോള്‍ മനസ്സില്‍ എന്തെന്നില്ലാത്ത ഒരനുഭൂതിയായിരുന്നു.... ഒരുപക്ഷെ അന്നത്തെ ചിന്താഗതിയില്‍ ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് പാവാടയില്‍ നിന്നും ആ ചുരിദാര്‍ യൂണിഫോമിലേക്കുള്ള മാറ്റമായിരുന്നു പ്രായത്തിന്റെയും പക്വതയുടെയും പ്രതീകം....
ആ ചുരിദാര്‍ യൂണിഫോമുമണിഞ്ഞു എട്ടാം ക്ലാസ്സിന്റെ വാതില്‍ കടന്നു അകത്തേക്ക് കയറുമ്പോള്‍ ഞങ്ങളെ വരവേല്‍ക്കാന്‍ അവിടെ അവനുമുണ്ടായിരുന്നു.... എട്ടാം ക്ലാസ്സില്‍ മൂന്നുവര്‍ഷം തോറ്റു തൊപ്പിയിട്ട ആ പൊടിമീശക്കാരന്‍ ജിനു...
പക്ഷേ തോറ്റു തുന്നം പാടിയതിന്റെ ഒരു ജ്യാളതയും അവന്റെ മുഖത്തു നിഴലിച്ചിരുന്നില്ല... പകരം പെന്‍സില്‍ കൊണ്ട് കറുപ്പിച്ച ആ പൊടിമീശ പിരിച്ചുവെച്ചുകൊണ്ടവന്‍ മുഖത്തെപ്പോഴും രൗദ്ര ഭാവം വരുത്തിക്കൊണ്ടേയിരുന്നു....
ഒപ്പം അവന്റെ തോല്‍വിയെ പരിഹസിച്ചിരുന്നവരുടെ മൂക്കില്‍ നിന്നും അവന്റെ കൈകളാല്‍ ചോര തുള്ളികള്‍ പൊടിഞ്ഞതോടെ ആ സ്‌കൂള്‍ അങ്കണത്തെ പൂച്ചട്ടികള്‍ പോലും അവനെ ഭയന്നുതുടങ്ങി...
അന്ന് ആദ്യമായി ഞാന്‍ അവനെ വിശേഷിപ്പിച്ചു...... തെമ്മാടിയെന്നു.... വീശിയടിച്ച ഒരു കൊടുങ്കാറ്റുപോലെ ആ വിശേഷണം അവിടെയാകെ പരന്നു... ആ പേരിനെ ഊട്ടിഉറപ്പിച്ചുകൊണ്ടു ദിനവും അവന്റെ ഗുണ്ടായിസങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു... ഒടുവില്‍ ജിനുവെന്ന അവന്റെ യഥാര്‍ത്ഥ പേര് പലരും മറന്നുതുടങ്ങി.....
''ഡാ തെമ്മാടി....''
ക്ലാസ്സെടുക്കാന്‍ വരുന്ന അദ്ധ്യാപകര്‍ പോലും പലപ്പോഴും അവനെ പരിഹസിക്കുമ്പോള്‍, ഒരിക്കല്‍ പോലും അവന്‍ അതിനെതിരെ പ്രതികരിച്ചില്ല.. പകരം അനുസരണയുള്ള കുട്ടിയായി അവന്‍ ആ വിളി കേള്‍ക്കുമായിരുന്നു....
പരിഹാസത്തില്‍ തുടങ്ങി സ്‌നേഹത്തോടെയുള്ള അദ്ധ്യാപകരുടെ ശാസനകളില്‍ തല താഴ്ത്തി നില്‍ക്കുന്ന ജിനുവിനെ കാണുമ്പോള്‍ പലപ്പോഴും ഞങ്ങള്‍ കരുതിയിട്ടുണ്ട്... അവനില്‍ ഇനിയൊരു മാറ്റമുണ്ടാകുമെന്ന്.... പക്ഷേ.....
ശാസനയും ഉപദേശവും നല്‍കി അവര്‍ പുറത്തേക്ക് ഇറങ്ങുമ്പോഴേക്കും ആ ദിവസം അവനെതിരെ പരാതി കൊടുത്തവന്റെ മൂക്കില്‍ നിന്നും ചോര തുള്ളികള്‍ പൊടിഞ്ഞിരിക്കും....
അതുകൊണ്ടു തന്നെ അവനെതിരെ ശബ്ദമുയര്‍ത്താന്‍ പിന്നീടാരുടേയും നാവുയര്‍ന്നില്ല....
''ജിനു നരേന്ദ്രന്‍....''
അന്ന് പുതുതായി വന്ന മാഷ് ഹാജര്‍ പുസ്തകത്തില്‍ നോക്കി ആ പേര് വിളിച്ചപ്പോള്‍ ഒരു നിമിഷത്തേക്ക് ക്ലാസ് ഒന്നടങ്കം നിശബ്ദമായി....
ഒരുപക്ഷേ കാലങ്ങള്‍ക്ക് ശേഷം ആദ്യമായിട്ടാകണം ഒരാള്‍ അവന്റെ പേര് വിളിക്കുന്നത്.... അതുകൊണ്ടു തന്നെ ഞങ്ങളിലുണ്ടായ അതേ അമ്പരപ്പ് അവന്റെ മുഖത്തും നിഴലിച്ചിരുന്നു....
''ഇന്ന് മുതല്‍ ഇനി നീയാണ് ഈ ക്ലാസ്സിലെ ലീഡര്‍...'
ജിനുവിനെ നോക്കി മാഷ് പറയുമ്പോള്‍ ക്ലാസ്സിലുള്ളവര്‍ പരസ്പരം മുഖത്തോടു മുഖം നോക്കി....
''കള്ളന്റെ കയ്യില്‍ തന്നെ വേണം താക്കോല്‍ കൊടുക്കാന്‍'' എന്ന് മുന്‍ബെഞ്ചിലെ പഠിപ്പിസ്റ്റുകള്‍ പിറുപിറുത്തുവെങ്കിലും മൂക്കിനോടുള്ള സ്‌നേഹം കൊണ്ടാകാം എല്ലാവരും മാഷിന്റെ ആ തീരുമാനത്തെ കയ്യടിച്ചു പാസാക്കി....
അന്നുമുതല്‍ ജിനുവായിരുന്നു മാഷിന്റെ വലം കൈ.... ക്ലാസ്സെടുക്കുമ്പോള്‍ ഉറക്കത്തെ കൂട്ടുപിടിച്ചിരുന്ന ആ തെമ്മാടി, അന്നുമുതല്‍ മാഷ് ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തങ്ങള്‍ ചെയ്തുതീര്‍ക്കുവാനുള്ള ശ്രമത്തിലായിരുന്നു....
പക്ഷേ പുസ്തകകെട്ടുകളെ തലയിണകളായി മാത്രം കണ്ടിരുന്ന അവനു, ആ ലീഡര്‍ പദവി കുരങ്ങന്റെ കയ്യില്‍ കൊടുത്ത പൂമാലയാണെന്നു ഞങ്ങളെല്ലാവരും വിശേഷിപ്പിച്ചു.... അല്ലെങ്കിലും തോല്‍വികളിലില്‍ നിന്നും തോല്‍വികളിലേക്ക് മൂക്കുകുത്തുന്നവര്‍ ക്ലാസ്സിന്റെ ലീഡറായ ചരിത്രമില്ലല്ലോ....
ആ തിരിച്ചറിവ് അവനിലും ഉളവെടുത്തതുകൊണ്ടാകാം അന്ന് അവന്‍ പറഞ്ഞത്....
''ഈ ലീഡര്‍ പദവി എനിക്കൊരു ഭാരമാണ്.... അതിനു അര്‍ഹതയുള്ള പലരും ഇവിടെയുണ്ട്...'
പക്ഷേ അവന്റെ ആ വാക്കുകള്‍ക്ക് മറുപടിയെന്നോണം മാഷൊന്നു പുഞ്ചിരിച്ചു....
''പഠനത്തില്‍ മികവ് പുലര്‍ത്തിയതുകൊണ്ടു മാത്രം ഒരാള്‍ ലീഡറാകണമെന്നില്ല.... തെറ്റുകളെ ചോദ്യം ചെയ്യാന്‍, ശരികളെ ഉയര്‍ത്തി കാട്ടുവാന്‍ കഴിയുന്നവനാണ് യഥാര്‍ത്ഥ ലീഡര്‍.... ഈ ക്ലാസ്സില്‍ അങ്ങനെയൊരാള്‍ നീയാണ്....''
മാഷിന്റെ ആ വാക്കുകളുടെ പൊരുളറിയാന്‍ ആ എട്ടാം ക്ലാസ്സുകാര്‍ക്ക്, അന്നത്തെ പുസ്തകകെട്ടുകളിലെ അറിവ് മാത്രം മതിയായിരുന്നില്ല... അതുകൊണ്ടു തന്നെയാകാം ഞങ്ങളുടെ സംശയത്തെ സാദൂകരിക്കാന്‍ മാഷൊരു കഥ പറഞ്ഞത്....
തെറ്റ് ചെയ്യുന്നവരുടെ....,,, നല്ലവരെന്ന മുഖം മൂടിയണിഞ്ഞവരുടെ....,,,, പഠിപ്പിക്കുന്ന അദ്ധ്യാപികയേയും, കൂടെ പഠിക്കുന്ന പെണ്‍കുട്ടികളെയും വെറും പെണ്‍ശരീരങ്ങളായി കാണുന്നവരുടെയെല്ലാം മൂക്കില്‍ നിന്നും ചോര പൊടിഞ്ഞ കഥ.... ആ തെറ്റുകള്‍ക്കെതിരെ കൈകളുയര്‍ത്തിയിട്ടും തെമ്മാടിയെന്നു ഇരട്ടപ്പേര് വീണവന്റെ കഥ....
അതേ... ജിനുവെന്ന ആ തെമ്മാടി ചെറുക്കനെ ക്ലാസ്സ് ഒന്നടങ്കം മിഴിച്ചു നോക്കിയ നിമിഷങ്ങള്‍....
പക്ഷേ അവന്‍ ചെയ്തതും തെറ്റ് തന്നെയായിരുന്നു... തെറ്റുകളെ ചൂണ്ടി കാണിക്കുവാനേ ഞങ്ങള്‍ക്ക് അര്‍ഹതയുള്ളൂ എന്നും, ചോദ്യം ചെയ്യാനും ശിക്ഷിക്കുവാനും ഉത്തരവാദിത്തപ്പെട്ടവര്‍ അവിടെ ഉണ്ടെന്നും ഓര്‍മ്മിപ്പിച്ചുകൊണ്ട് മാഷ് ആ കഥക്ക് വിരാമമിടുമ്പോള്‍, പ്രതിനായക സ്ഥാനത്തു നിന്നും ആ തെമ്മാടി എന്റെ ഉള്ളില്‍ നായകനായി മാറിയിരുന്നു....
തെമ്മാടിയെന്ന പേര് സമ്മാനിച്ചത് ഞാനായിരുന്നെന്നും,, ഇനിയുള്ള ജീവിതം ആ പേരില്ലാതാക്കാനായിരിക്കണമെന്നും പറഞ്ഞുകൊണ്ട് ആദ്യമായി ഞാന്‍ ക്ഷമ ചോദിക്കുമ്പോള്‍ കവിളിലൊരു ചുവന്നപാടാണ് പ്രതീക്ഷിച്ചതെങ്കിലും ഒരു പുഞ്ചിരിയോടെ അവന്‍ തലയാട്ടി....
പക്ഷേ.....
''തെമ്മാടി ജിനു ഇറങ്ങിയിട്ടുണ്ടേ.....''
ആരോ വിളിച്ചു കൂവുന്നത് കേട്ടാണ് ഞാന്‍ ഓര്‍മ്മകളില്‍ നിന്നുമുണര്‍ന്നത്.... കവലയില്‍ ഗുണ്ടാവിളയാട്ടത്തില്‍ മണിക്കൂറുകളോളമായി നിര്‍ത്തിയിട്ടിരുന്ന ബസ്സിന്റെ ജനലരികില്‍ ഇരുന്നുകൊണ്ട് ഞാന്‍ ദൂരേക്ക് നോക്കി....
തന്റെ കട്ടിമീശയും പിരിച്ചുവെച്ചുകൊണ്ട് മുഖത്തു രൗദ്ര ഭാവത്തോടെയുള്ള ജിനുവിന്റെ ആ രംഗപ്രവേശനം കൂടി നിന്നിരുന്നവര്‍ക്കിടയില്‍ ഒരു ഭയം ഉളവാക്കി.... പണ്ട് ആ സ്‌കൂളങ്കണം ഭയന്നതുപോലെ....
''തെമ്മാടി വന്ന സ്ഥിതിക്ക് ഇനി എന്തേലുമൊക്കെ നടക്കും....''
ബസിലിരുന്നവര്‍ ആകാംക്ഷയോടെ പുറത്തേക്ക് എത്തി നോക്കി....
കാലങ്ങള്‍ക്കിപ്പുറവും സമൂഹം അവനെ തെമ്മാടിയെന്നു തന്നെ വിശേഷിപ്പിച്ചുകൊണ്ടിരിക്കുന്നു....
അല്ലെങ്കിലും കവലയില്‍ കിടന്നു അടിയുണ്ടാക്കുന്നവനെ തെമ്മാടിയെന്നല്ലാതെ മറ്റെന്ത് പേരു വിളിക്കണം....
പക്ഷേ അന്നത്തെ ആ മാഷിന്റെ വാക്കുകള്‍ അവന്റെ കാതിലുറച്ചിട്ടുണ്ടെന്നു ഇന്ന് അവന്റെ ആ വേഷവിധാനത്തില്‍ നിന്നുമറിയാം....
അലക്കി തേച്ചൊതുക്കിയ ആ കാക്കി യൂണിഫോമിനും തലയിലിരിക്കുന്ന ആ വിജയം കൈവരിച്ച തൊപ്പിക്കും ഇന്ന് അവകാശമുണ്ട്.... തെറ്റ് ചെയ്യുന്നവരെ ചോദ്യം ചെയ്യുവാനും, അവരെ ശിക്ഷിക്കുവാനും....
ഇന്നവന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജിനു നരേന്ദ്രനാണ്.... തെറ്റുചെയ്യുന്നവരുടെ ഭാഷയില്‍ പറഞ്ഞാല്‍ തെമ്മാടി ജിനു.... പക്ഷേ മടിയിലിരിക്കുന്ന എന്റെ കുഞ്ഞിനോട് ചോദിച്ചാല്‍ അവന്‍ പറയും....
''എന്റെ തെമ്മാടി അച്ഛന്‍....''
അതേ.... ഞാന്‍ അന്ന് സമ്മാനിച്ച തെമ്മാടിയെന്ന വിശേഷണം ഇന്നും അവന്റെ പേരിനൊപ്പമുണ്ട്... നല്ലൊരു അര്‍ത്ഥത്തോടെ.....
രചന: ഷരന്‍ പ്രകാശ്

Comments
Post a Comment