കര്‍ണന്‍ ഉപേക്ഷിച്ചിട്ടില്ല, ചിത്രം നിര്‍മിക്കുന്നത് ബിഗ്ബജറ്റില്‍ തന്നെ; വെളിപ്പെടുത്തലുമായി പൃഥ്വിരാജ്
ആര്‍.എസ്. വിമല്‍ സംവിധാനം ചെയ്യുന്ന കര്‍ണന്‍ ഉപേക്ഷിച്ചെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ജോലികള്‍ നടക്കുന്നുണ്ടെന്ന് നടന്‍ പൃഥ്വിരാജ് പറഞ്ഞു.300 കോടി രൂപ ബജറ്റിലാണല്ലോ ചിത്രമൊരുക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ പൃഥ്വി പറഞ്ഞ മറുപടി:
”തീര്‍ച്ചയായും അതൊരു ബിഗ് ബജറ്റ് ചിത്രമാണ്. പക്ഷെ, അത് എത്ര രൂപ ചെലവിലാണ് നിര്‍മ്മിക്കുന്നത് എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. അതൊരു അന്താരാഷ്ട്ര പ്രോജക്ടായി ചെയ്യാനാണ് ഞങ്ങളുടെ പദ്ധതി. ആ പ്രോജക്ടിന് അന്തിമരൂപം നല്‍കാനുള്ള തീവ്രമായ ശ്രമത്തിലാണ് വിമല്‍. അതില്‍ മാത്രമാണ് വിമലിന്റെ ശ്രദ്ധ. വാരണസി ഉള്‍പ്പെടെയുള്ള വടക്കേന്ത്യന്‍ സംസ്ഥാനങ്ങളിലായിരിക്കും സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷന്‍. ഹിന്ദി, തെലുങ്കു, തമിഴ് തുടങ്ങിയ ഭാഷകളിലും ഈ സിനിമ ഇറക്കുന്നുണ്ട്.”
പൃഥ്വിരാജിന്റെ ആദ്യസംവിധാന സംരംഭമായ ലൂസിഫര്‍, ബ്ലെസിയുടെ ആടുജീവിതം എന്നീ വമ്പന്‍ പ്രോജക്ടുകള്‍ക്ക് ശേഷമായിരിക്കും പൃഥ്വി കര്‍ണനിലേക്ക് എത്തുക. എന്നു നിന്റെ മൊയ്തീന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് പിന്നാലെയാണ് ആര്‍.എസ്. വിമല്‍ പൃഥ്വിരാജിനെ നായകനാക്കി കര്‍ണന്‍ ഒരുക്കുന്നുവെന്ന അനൗണ്‍സ്‌മെന്റ് നടത്തിയത്. 300 കോടി രൂപ ബജറ്റിലാണ് ചിത്രം നിര്‍മ്മിക്കുന്നത് എന്ന പ്രഖ്യാപനം നടത്തിയത് വിമല്‍ തന്നെയായിരുന്നു. പിന്നീട് നിര്‍മ്മാതാവ് ഈ ചിത്രം ഉപേക്ഷിച്ചുവെന്നും ചിത്രം പ്രതിസന്ധിയിലായെന്നുമൊക്കെ വാര്‍ത്ത പുറത്തുവന്നു. അതിനിടയിലാണ് പ്രോജക്ട് ഉപേക്ഷിച്ചിട്ടില്ല, അതിന്റെ ജോലികള്‍ നടക്കുന്നുണ്ടെന്ന നിര്‍ണായക വിവരം പൃഥ്വി നല്‍കുന്നത്.

Comments
Post a Comment