വിവാഹ മോചനത്തിന് ശേഷമാകും ഓരോ ദമ്പതികളും ഈ സത്യങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങുക, ഉറപ്പ്!==============
മാന്യതയും സന്തോഷവും വിശുദ്ധിയും ആഗ്രഹിച്ചാണ് ഓരോരുത്തരും വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. ''കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം'' എന്ന് നമ്മള്‍ പറയുമ്പോള്‍ അത് വളരെ വിശാലമായ അര്‍ത്ഥത്തില്‍ത്തന്നെ മനസ്സിലാക്കേണ്ടതുണ്ട്. ഇത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള ബന്ധം മാത്രമല്ല, രണ്ടു കുടുംബങ്ങള്‍ തമ്മിലും രണ്ടു സമൂഹങ്ങള്‍ തമ്മിലുംകൂടിയുള്ള ബന്ധമാണ്. മനോഹരമായൊരു പൂവുപോലെ ആയിരിക്കണം കുടുംബ ബന്ധങ്ങള്‍. അനുഭവിക്കുന്നവര്‍ക്കും ചുറ്റുമുള്ളവര്‍ക്കും സുഗന്ധംപരത്തുന്ന ഒന്ന്. എല്ലാത്തരം വികാരവിചാരങ്ങളുമുള്ള രണ്ടു വ്യക്തികള്‍ നിയമ വിധേയമായ മാര്‍ഗ്ഗത്തിലൂടെ ഒന്നാകുന്ന നിമിഷം മുതല്‍ ആരംഭിക്കുന്ന കുടുംബ ജീവിതം അതിന്റെ എല്ലാ നന്മകളോടുംകൂടി നിലനില്‍ക്കേണ്ടതുണ്ട്.
ഭാര്യയും ഭര്‍ത്താവും പണസമ്പാദനത്തിനു മാത്രം മുന്‍തൂക്കം നല്കുന്ന രീതിയിലേക്ക് ഇന്നത്തെ ജീവിത രീതി മാറിയിരിക്കുന്നു. ഇതിനിടയില്‍ ഇരുവരുടെയും ആഗ്രഹങ്ങളും ആവശ്യങ്ങളും ഒന്നായിക്കാണാന്‍ കഴിയാതെ വരുമ്പോള്‍ അസ്വാരസ്യങ്ങള്‍ തലപൊക്കിത്തുടങ്ങുന്നു. അതോടെ പങ്കാളിയില്‍ അതുവരെ കാണാത്ത പല ന്യുനതകളും കണ്ടെത്താന്‍ അവര്‍ക്കു കഴിയുന്നു. പുരുഷ കേന്ദ്രീകൃത കുടുംബ വ്യവസ്ഥയെന്ന രീതിയും സ്ത്രീ സ്വാതന്ത്ര്യവുമൊക്കെ ചേരി തിരിഞ്ഞു വാദ പ്രതിവാദങ്ങളില്‍ ഏര്‍പ്പെടുന്നു. മുന്‍കൂട്ടി എഴുതിയ തിരക്കഥപോലെ അഭിനയിച്ചു തീര്‍ക്കാന്‍ പറ്റുന്നതല്ല വിവാഹ ജീവിതം എന്ന യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരുന്ന യുവ തലമുറ ഏറ്റവും എളുപ്പത്തില്‍ കണ്ടെത്തുന്ന പരിഹാര മാര്‍ഗ്ഗമാണ് വിവാഹ മോചനം.
ഇന്ന് കുടുംബ കോടതികളില്‍ എത്തുന്ന വിവാഹമോചന കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. ജാതകപ്പൊരുത്തംപോലുള്ള ചില മാമൂലുകളില്‍പ്പെട്ടു വിവാഹിതരാകാതെ നില്‍ക്കേണ്ടി വരുന്ന ഒരു വിഭാഗം ഒരു വശത്തും വിവാഹമോചനം വഴി ജീവിതം ദുരിതത്തിലാകുന്ന വേറൊരു കൂട്ടര്‍ മറു വശത്തുമായി നല്ലൊരു വിഭാഗം ആളുകള്‍ പ്രത്യേകിച്ച് സ്ത്രീകള്‍, ആയുസ്സിന്റെ നല്ലൊരു ഭാഗം, ആകുലതകള്‍ക്കിടയില്‍ നഷ്ടപ്പെടുത്തുന്നു. സാമ്പത്തിക ശേഷിയുള്ളവര്‍ പുനര്‍വിവാഹിതരാകാനുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പലര്‍ക്കും അതിനു കഴിയാതെ വരുന്നു എന്നത് യാഥാര്‍ഥ്യമാണ്. നമ്മുടെ ഇടയില്‍ വളര്‍ന്നു വരുന്ന ഈ പ്രവണതയെ പാശ്ചാത്യ സംസ്‌കാരം പിന്തുടരാനാഗ്രഹിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്നതാണെന്നു കുറ്റപ്പെടുത്തുന്നവര്‍ കുറവല്ല. എന്നാല്‍ മാന്യമായ കുടുംബ ജീവിതം നയിക്കുന്നതില്‍ പാശ്ചാത്യരും ഒട്ടും പുറകോട്ടല്ലെന്ന കാര്യം ഇക്കൂട്ടര്‍ മനപ്പൂര്‍വ്വം വിസ്മരിക്കുന്നു.
എല്ലാ മത വിഭാഗങ്ങളും പവിത്രമായ ഒന്നായാണ് വിവാഹ ബന്ധത്തെ കാണുന്നത്. വിവാഹമോചനം ഏറ്റവും സങ്കടകരമായ ഒരു കാര്യമാണ്. കൊട്ടിഘോഷിച്ചു നടത്തപ്പെടുന്ന വിവാഹങ്ങള്‍ വെള്ളത്തില്‍ വരച്ച വരപോലെയാകുമ്പോള്‍ അത് ഒരുപാട് പേരെ മാനസിക സംഘര്‍ഷത്തിലേക്ക് തള്ളിവിടുന്നു. വിവാഹ മോചിതരാകുന്നവരുടെ അവസ്ഥയും മറിച്ചല്ല. കുട്ടികള്‍ ഉള്ളവരുടെ കാര്യം കൂടുതല്‍ സങ്കീര്‍ണ്ണമായിരിക്കും. മാതാപിതാക്കളോടൊപ്പം തന്നെ മാനസിക പിരിമുറുക്കം കുട്ടികളും അനുഭവിക്കുന്നു. അവരുടെ സ്വഭാവ രൂപീകരണത്തില്‍ ഇത് വിപരീതമായി പ്രതിഫലിക്കുമെന്നതില്‍ തര്‍ക്കമില്ല.
ലൈംഗികതയിലുള്ള പൊരുത്തക്കേടുകള്‍, സംശയരോഗം, പിടിവാശി തുടങ്ങിയവയൊക്കെയാണ് പലപ്പോഴും വിവാഹ മോചനത്തിലേക്കു നയിക്കുന്ന ഘടകങ്ങള്‍. അടുത്തിടെ യു എസിലെ വെര്‍ജീനിയ കോമണ്‍ വെല്ത് സര്‍വ്വകലാശാലയിലെയും സ്വീഡനിലെ ലന്‍ഡ് സര്‍വ്വകലാശാലയിലെയും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ നിന്നും ജനിതക ഘടകങ്ങളും വിവാഹ മോചനത്തിന് കാരണമാകുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു.
സമൂഹത്തിന്റെ അംഗീകാരത്തോടെയോ അല്ലാതെയോ വിവാഹിതരാകുന്ന ഓരോ വ്യക്തിയുടെയും ആഗ്രഹം മരണംവരെ സ്‌നേഹിച്ചും സ്‌നേഹിക്കപ്പെട്ടും ഒരുമിച്ചു കഴിയണം എന്ന് തന്നെയാണ്. സന്തോഷത്തിന്റെയും സങ്കടത്തിന്റെയും ആഘോഷങ്ങളുടേയുമൊക്കെ ലോകത്ത് പരസ്പരം പങ്കുവച്ചും പൊരുത്തപ്പെട്ടും പരിമിതികള്‍ പരസ്പരം അംഗീകരിച്ചും ജീവിക്കുകയെന്നതാണ് കുടുംബജീവിതത്തിന്റെ കെട്ടുറപ്പിന് അടിസ്ഥാനം. പരസ്പരം സത്യസന്ധരായിരിക്കുക, ദമ്പതികളുടെ ചെറിയ ചെറിയ ഇണക്കങ്ങള്‍ക്കും പിണക്കങ്ങള്‍ക്കും ഇടയിലേക്ക് മൂന്നാമതൊരാള്‍ കടന്നു വരാന്‍ അനുവദിക്കാതിരിക്കുക, മറ്റുള്ളവരെ അനുകരിക്കാന്‍ മുതിരാതിരിക്കുക, പങ്കാളിയില്‍ നിന്നും ആഗ്രഹിക്കുന്ന മര്യാദകള്‍ തിരിച്ചും നല്‍കാന്‍ തയ്യാറാവുക, വിട്ടുവീഴ്ചകള്‍ക്ക് മടിക്കാതിരിക്കുക എന്നിവയൊക്കെയാണ് ഒരു നല്ല കുടുംബ ജീവിതം ആഗ്രഹിക്കുന്ന എല്ലാവരും ചെയ്യേണ്ടത്. കലഹങ്ങളുണ്ടാകാത്ത വിവാഹ ജീവിതമില്ലെന്നും, ആ കലഹങ്ങള്‍ക്കുമപ്പുറം ചേര്‍ത്ത് നിര്‍ത്താനാഗ്രഹിക്കുന്നൊരു മനസ്സുണ്ടെന്നുമുള്ള തിരിച്ചറിവാണ് വേണ്ടത്. ഭാര്യയ്ക്കും ഭര്‍ത്താവിനും പരസ്പരം, ഏതൊരാവസ്ഥയിലും പരിധികളില്ലാതെ, ഉപാധികളില്ലാതെ ജീവിതാന്ത്യംവരെ അടുപ്പിച്ചുനിര്‍ത്തുന്നൊരു തണലാകാന്‍ കഴിഞ്ഞാല്‍ അത് തന്നെയാണ് ജീവിത വിജയം.

Comments
Post a Comment