സ്ത്രീധനത്തിന്റെ കനവും തൊലിവെളുപ്പുമല്ല നല്ല മരുമകളുടെ യോഗ്യത: എല്ലാമാതാപിതാക്കളും ഭര്‍ത്താക്കന്‍മാരും വായിക്കണം,
'മാളു... നേരം ഒരുപാടായി.. എഴുന്നേല്‍ക്ക്.. അച്ഛന്‍ ഉമ്മറത്തിരുന്ന് പിറുപിറുക്കാന്‍ തുടങ്ങീട്ടുണ്ട്' രാഹുല്‍ കട്ടിലില്‍ ഇരുന്ന് മാളുവിനെ തട്ടി വിളിച്ചു. വിവാഹം കഴിഞ് ഇതാദ്യമായാണ് മാളു ഇത്രയും നേരം വൈകി എഴുന്നേല്‍ക്കുന്നത്. കണിശക്കാരനായ അച്ഛന്‍ വേണു മരുമകള്‍ എഴുന്നേല്‍ക്കാന്‍ നേരം വൈകിയതിന് ഭാര്യ സുലോചനയോട് പിറുപിറുക്കാന്‍ തുടങ്ങി. അച്ഛനെ ഭയന്ന് ജീവിക്കുന്ന മകന്‍ രാഹുല്‍ മാളുവിനെ എഴുന്നേല്‍പ്പിക്കാതെ റൂമില്‍നിന്നും വരാനും പറ്റാതെ നിന്നു.
പതിവ് ദിനങ്ങളില്‍ മാളു ഉമ്മറത്ത് കത്തിച്ചുവെക്കുന്ന നിലവിളക്കിന്റെ വെളിച്ചത്തിലാണ് ആ വീട് ഉണരാറുള്ളത്. ഇന്നിപ്പോ മാളുവിന്റെ സാന്നിദ്ധ്യം ഉമ്മറത്ത് എത്തിയിട്ടില്ല. ചാരു കസേരയില്‍ പത്രവും പിടിച്ചു മുഖം കനപ്പിച്ച് അച്ഛന്റെ ഇരുപ്പ് കണ്ടാലറിയാം ആ മനസ്സില്‍ എന്താണെന്ന്. 'അതേ.. എനിക്കിനി ഒട്ടും വയ്യാട്ടാ ഇവിടിങ്ങനെ പണിയെടുക്കാന്‍.. കാലിലെ നീര് കൂടിക്കൂടി വരികയാ. എനിക്കൊരുകൂട്ടിന് മോനെകൊണ്ട് കെട്ടിക്കണം. വേഗം രാഹുലിന് പെണ്ണുനോക്കണം' എന്ന് ഭാര്യ സുലോചന പറഞ്ഞതുകേട്ടപ്പോള്‍ ഉമ്മറത്തെ ചാരു കസേരയില്‍ ഇതുപോലൊരു ഇരുപ്പ് ഇരുന്നതാ. അതന്ന് ഭാര്യയോടുള്ള ദേഷ്യമാണോ അതോ ഒരു ജോലി കണ്ടെത്താതെ നില്‍ക്കുന്ന തന്റെ മകനെ സ്വന്തം പോക്കറ്റില്‍ നിന്നും പൈസ ചിലവാക്കി കെട്ടിക്കേണ്ട അവസ്ഥ ഓര്‍ത്തുള്ള വെപ്രാളമോ.. അറിയില്ല..
ഭാര്യയുടെ വാക്കിനെ മാനിച്ച് വേണുവും അനിയനും നാനാ ദിക്കിലേക്കും പെണ്ണ് തിരഞ്ഞു നടപ്പിലായി. ബ്രോക്കറിന് പൈസ കൊടുത്തു കൊടുത്തു അവസാനം ബ്രോക്കര്‍ സ്വന്തമായൊരു ബൈക്ക് വാങ്ങി എന്ന് അറിഞ്ഞപ്പോള്‍ വേണു പിന്നെ ബ്രോക്കറോടൊത്തുള്ള യാത്ര മതിയാക്കി സ്വയം പെണ്ണ് തിരഞ്ഞു നടന്നുതുടങ്ങി. ആ അമ്മയുടെ പുണ്ണ്യമെന്നോണം ഒരു പെണ്ണിന്റെ ജാതകം ഒത്തു. പെണ്‍കുട്ടി ഇരുനിറം, ചെറിയ വീട്.. എങ്കിലും തൊലി വെളുത്ത രാഹുലിന്റെ മനസ്സും വെളുത്തതുകൊണ്ട് അവളെ മതിയെന്ന് രാഹുല്‍ പറഞ്ഞു. സ്ത്രീധനം അധികമൊന്നും തരാനില്ലാന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞപ്പോള്‍ വേണു എടുത്തുചാടി പറഞ്ഞു..'ഞങ്ങള്‍ക്ക് ഈ കുട്ടിയെ ഒന്ന് ഇറക്കി തന്നാല്‍ മാത്രം മതി. ഒരു പണ്ടവും പണവും വേണ്ടാ' എന്നും.
അതുകേട്ട് മനം നിറഞ്ഞ പെണ്‍കുട്ടിയുടെ അച്ഛന്‍ സന്തോഷത്തോടെ സമ്മതിച്ചു. അധികം വൈകാതെ രാഹുലും മാളുവും തമ്മിലുള്ള വിവാഹം നടന്നു. വിവാഹം കഴിഞ്ഞു വൈകാതെ രാഹുലിന് വിദേശത്ത് ഒരു ജോലി കിട്ടി അങ്ങോട്ട് പോയി. മാളു തന്റെ പഠനം നിര്‍ത്തി രാഹുലിന്റെ വീട്ടില്‍ നല്ലൊരു മരുമകളായി ജീവിച്ചുനേരത്തെ എഴുന്നേല്‍ക്കുന്ന മാളു വീട്ടിലെ സകല ജോലികളും നേരത്തെ ചെയ്തതീര്‍ക്കും. ബാക്കിയുള്ള സമയത്തും മാളു വീട്ടില്‍ എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കും. അതുകൊണ്ടുതന്നെ സുലോചനക്ക് മാളുവിനെ ഒത്തിരി ഇഷ്ട്ടമായി. എന്തും കണ്ടറിഞ്ഞു ചെയ്യുന്നവള്‍. അവരുടെ വീടിന് ഇപ്പൊ എന്തെന്നില്ലാത്ത വെളിച്ചവും ഐശ്വര്യവും കൈവന്നു. സുലോചനക്ക് വയ്യാതെ വീട് വൃത്തിയാക്കലും മറ്റും ഇല്ലായിരുന്നു. മാളു വന്നു കയറിയതില്‍ പിന്നെ അതെല്ലാം അവള്‍ തന്നെ ചെയ്തു. ഒരുനേരം പോലും വെറുതെ ഇരിക്കാറില്ല.
അച്ഛന്‍ വേണു പ്രഷറിന് ഗുളിക കഴിക്കാറുണ്ട്. കഴിക്കേണ്ട സമയം ആയാല്‍ വേണു പറയാതെതന്നെ മാളു ഒരു ഗ്ലാസ് വെള്ളവും ഗുളികയും വേണുവിന്റെ അടുത്ത് എത്തിച്ചിരിക്കും. മുട്ടിന് താഴേക്ക് ഇടക്ക് നീരുവന്ന് വീര്‍ക്കാറുള്ള സുലോചനയുടെ കാലുകള്‍ മാളുവാണ് ഇപ്പോള്‍ കുഴമ്പും തൈലവും ഇട്ടു ഉഴിയാറുള്ളത്. അപ്പോഴൊക്കെ മാളുവിന്റെ തലയില്‍ തലോടി സുലോചന പറയാറുണ്ട്..'നീയെനിക്ക് പിറക്കാതെ പോയ എന്റെ സ്വന്തം മോള്‍ തന്ന്യാ'. ദിവസങ്ങള്‍ കഴിഞ്ഞു. വേണുവിന്റെ അനിയന്‍ ദിവാകരന്റെ മകന് വിവാഹം ആയി. വലിയ ഒരു വീട്ടില്‍ നിന്ന് 75 പവനും ഒരു കാറും ആ പയ്യന് ആ പെണ്ണിന്റെ വീട്ടുകാര്‍ കൊടുത്തു. പെണ്‍കുട്ടിയാണേല്‍ നല്ല ചൊകചൊകാന്ന് ഇരിക്കുന്നു. കല്യാണപ്പന്തലില്‍ വേണുവിന്റെ നോട്ടം പെണ്‍കുട്ടിയില്‍ മാത്രമായിരുന്നു. വിവാഹം കഴിഞ്ഞു വീട്ടിലെത്തിയ വേണു സുലോചനയോടായ് പറഞ്ഞു.
'എന്റെ മോന്‍ ഇവനെക്കാള്‍ എത്രയോ ഭംഗിയുണ്ട്. എന്നിട്ട് കിട്ടിയത് ഒരു കരികൊള്ളിയെ. ത്ഫൂ. വേണുവിന്റെ മനസ്സിലെ സ്വാര്‍ത്ഥ ചിന്തകന്‍ പുറത്തുവന്നു. അന്നുമുതല്‍ വേണു മാളുവിനോട് അകല്‍ച്ച കാണിച്ചു. മാളു കൊണ്ടുവന്ന ഗുളിക കഴിക്കാറില്ല. മാളുവിനെ കാണുമ്പോള്‍ പുച്ഛിക്കുന്ന മുഖവുമായി വേണു തല തിരിക്കും. ഇതെന്താ മറിമായം എന്നറിയാതെ മാളു ആലോചിക്കും. പിന്നീട് വേണു റൂമില്‍ വേണു സുലോചനയോട് തലയണമന്ത്രം ചൊല്ലിത്തുടങ്ങി. 'ഹും.. എന്റെ അനിയന്റെ മോന്‍ നമ്മുടെ മോന്റെ അത്ര ഭംഗിയുണ്ടോടി? നമ്മുടെ മോന്റെ അത്ര ശമ്പളം ഉണ്ടോടി? എന്നിട്ടും അവന് കിട്ടിയ പെണ്ണിനേയും വീട്ടുകാരെയും സ്ത്രീധനവും ഒന്ന് നോക്ക്യേ.. ഇവിടൊന്നു കേറി വന്നിട്ടുണ്ടല്ലോ അടുക്കളയിലെ മല്ലുപോലെയുള്ളതൊന്ന്. അവരുടെ കയ്യില്‍ ഒന്നുമില്ലത്രേ. ത്ഫൂ.. ഏത് നേരത്താ ദൈവമേ എനിക്ക് ഈ കുരുപ്പിനെ ഇങ്ങോട്ട് കെട്ടിയെടുക്കാന്‍ തോന്നിയത്'
'ദേ മനുഷ്യാ ആ പെണ്‍കുട്ടി അപ്പുറത്തുണ്ട്. കേള്‍ക്കണ്ടാ.' 'കേട്ടാല്‍ എനിക്കെന്താ ഉള്ളതുതന്നെയല്ലേ പറഞ്ഞത്. അര്‍ഹതപ്പെടാത്തത് ആഗ്രഹിക്കാന്‍ പാടില്ല. അവര്‍ക്ക് അന്ന് തോന്നണമായിരുന്നു നമ്മളെപ്പോലെ ഉള്ള വലിയ കുടുംബത്തേക്ക് ബന്ധം ചേരില്ലാന്ന്.''അതിന് നിങ്ങള്‍ തന്നെയല്ലേ മനുഷ്യ അവളെ മാത്രം ഇറക്കിത്തന്നാല്‍ മതിയെന്നും പൊന്നും പണവും വേണ്ടാന്നോക്കെ പറഞ്ഞത്. എന്നിട്ടിപ്പോ അവരെയാണോ കുറ്റപ്പെടുത്തുന്നത്.''ഞാന്‍ അങ്ങനെ പലതും പറയും. അതെന്ന് വെച്ച് അവര്‍ സ്ത്രീധനം കുറക്കാന്‍ പാടുണ്ടോ.'
'ആ എനിക്കൊന്നും പറയാനില്ല. നിങ്ങള്‍ക്ക് വേണ്ടേല്‍ മോനെ നാട്ടിലോട്ട് വിളിച്ചുവരുത്തി എന്താന്നുവെച്ചാല്‍ തീരുമാനിച്ചോ. ഞാനൊന്നിനും ഇല്ല്യ''ആഹ് അത് തന്നെയാ ചെയ്യാന്‍ പോകുന്നത്. എന്റെ മോന് നല്ല ചാമ്പക്ക പോലെയുള്ള ഒരു പെണ്ണിനെ കണ്ടെത്തും ഞാന്‍. നോക്കിക്കോ നീ' ഇതെല്ലാം കേട്ട് കണ്ണുനീര്‍ വാര്‍ത്ത് കയ്യില്‍ വെള്ളത്തിന്റെ ജഗ്ഗുമായി മാളു അവിടെനിന്നു. കുറച്ചുനാളത്തെ ഇടവേള കഴിഞ്ഞു രാഹുല്‍ നാട്ടില്‍ മടങ്ങിയെത്തി. പോകുമ്പോള്‍ ഉള്ള സാഹചര്യമല്ല ഇപ്പോള്‍ വീട്ടില്‍ ഉള്ളതെന്ന് രണ്ടുദിവസത്തിനുള്ളില്‍ തന്നെ രാഹുലിന് മനസ്സിലായി. രാഹുല്‍ കാര്യം മാളുവിനോട് ചോദിച്ചെങ്കിലും മാളു ഒന്നും പറഞ്ഞില്ല. അച്ഛനോട് ചോദിക്കാന്‍ ധൈര്യമില്ലാത്തതുകൊണ്ട് രാഹുല്‍ അച്ഛന്റെ അടുത്തും ചോദിച്ചില്ല. കുറച്ചുദിവസം കഴിഞ്ഞു അച്ഛന്‍ തന്നെ രാഹുലിന്റെ അടുത്തുവന്നു പറഞ്ഞു.
'മോനെ നമ്മള്‍ പേരുകേട്ട തറവാട്ടുകാരാണ്. അച്ഛന് ഈ നാട്ടിലെ വില മോന് അറിയുന്നതല്ലേ. അതുകൊണ്ട് ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ മോന്‍ അനുസരിക്കണം. ഞാനായിട്ട് നിനക്ക് കണ്ടെത്തിതന്ന നിന്റെ ഭാര്യയെ നീ ഒഴിവാക്കി വേറെ നല്ല കുടുംബത്തില്‍നിന്നും കാണാന്‍ കൊള്ളാവുന്ന ഒരു പെണ്‍കുട്ടിയെ നീ വിവാഹം കഴിക്കണം. അല്ലെങ്കില്‍ അച്ഛന് സമൂഹത്തില്‍ ഇറങ്ങി നടക്കാന്‍ പറ്റാതാകും. നമ്മുടെ നിലക്കും വിലക്കും ചേര്‍ന്ന ബന്ധമല്ല ഇത്. അതുകൊണ്ട് നമുക്കിത് അവസാനിപ്പിക്കാം.' ഇന്നുവരെ അച്ഛന്റെ വാക്കുകള്‍ക്ക് എതിര്‍ത്തൊരു മറുപടി പറയാത്ത രാഹുല്‍ സ്വന്തം ജീവിതത്തിന്റെ കാര്യത്തിലും ഒരു തീരുമാനം എടുക്കാന്‍ പറ്റാത്ത മനുഷ്യനായിമാറി. ഒന്നും മിണ്ടാതെ തിരിഞ്ഞുനടക്കാന്‍ മുതിര്‍ന്ന രാഹുല്‍ കണ്ടത് മുഖം പൊത്തിപിടിച്ചു അകത്തേക്ക് ഓടിയ മാളുവിനെയാണ്. രാഹുല്‍ മാളുവിന്റെ അടുത്തേക്ക് ചെന്നു.
'മോളെ മാളു.. ഞാന്‍' 'വേണ്ട ഏട്ടാ.. ഒന്നും പറയേണ്ട.. അച്ഛന്‍ പറഞ്ഞതാ ശരി. അച്ഛന്റെ പേരിനും പ്രൗഢിക്കും ഞങ്ങളെപ്പോലുള്ള പാവപ്പെട്ടവരുമായുള്ള ബന്ധം ചേരില്ല. നമ്മള്‍ അധികമൊന്നും ജീവിച്ചില്ലല്ലോ. അച്ഛന്‍ പറഞ്ഞപോലെ ചെയ്യാം. അല്ലെങ്കില്‍ അച്ഛന്റെ ഉള്ളില്‍ ഞാന്‍ ഇത്രയും വലിയൊരു കരടായി ഇവിടെ കഴിയേണ്ടിവരും. അതുവേണ്ടാ. നമുക്ക് പിരിയാം. എന്തായാലും ഏട്ടന്‍ എന്നെ ഉപേക്ഷിച്ചാലും ഈ മാളു വേറെ ഒരാളെ വിവാഹം കഴിച്ചു ജീവിക്കാനൊന്നും പോണില്ല. ഏട്ടന് വേണ്ടി അച്ഛന്‍ നല്ലൊരു പെണ്ണിനെ കണ്ടെത്തി തരും. ആ കുട്ടിയെ വിവാഹം ചെയ്തു സന്തോഷത്തോടെ ജീവിക്കണം.'
'നീയെന്തൊക്കെയാ മാളു പറയുന്നത്. അച്ഛന്‍ അങ്ങനെ ഓരോന്നും പറഞ്ഞെന്നുവെച്ചു നീ കാര്യമാക്കേണ്ട ആവശ്യമില്ല' രാഹുലിന്റെ വാക്കുകള്‍ മുഴുവന്‍ കേള്‍ക്കാതെ മാളു കണ്ണുകള്‍ തുടച്ചു റൂമിലേക്കോടി. പിറ്റെന്നാള്‍ കയ്യില്‍ രണ്ട് ബാഗുമായി റൂമില്‍ നിന്നും വരുന്ന മാളുവിനെക്കണ്ട രാഹുല്‍ അവളെ പിന്തിരിപ്പിക്കാന്‍ കുറെ ശ്രമിച്ചു. അന്നേരം അച്ഛന്റെ മുഖം കണ്ട് രാഹുല്‍ ആ പിന്തിരിപ്പിക്കലില്‍ നിന്നും പിന്‍വാങ്ങി. 'അമ്മ അടുക്കളയില്‍നിന്നും മോളെ എന്ന് വിളിച്ചു അടുത്തുവന്നപ്പോള്‍ അമ്മയുടെ വലതു കൈ പിടിച്ചു അച്ഛന്‍ അതിനും തടസ്സം നിന്നു. അവസാനം നിറഞ്ഞൊഴുകിയ കണ്ണുകളുമായി മാളു ആ പടിയിറങ്ങി നടന്നു.
കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം വേണുവിന്റെ അനിയനും ഭാര്യയും കൂടി വീട്ടില്‍ വന്നു. രാവിലെ പുറത്തോട്ടിറങ്ങാന്‍ തുടങ്ങിയ വേണു പതിവില്ലാതെ അനിയനെയും ഭാര്യയെയും കണ്ടപ്പോള്‍ അവിടെ നിന്നു. 'എന്തേ രണ്ടാളുംകൂടി രാവിലെതന്നെ'? 'ഒന്നും പറയണ്ടാ... ആകെയുള്ള സന്തതി ഒരു മൂധേവിയെ കെട്ടികൊണ്ടുവന്നതിനു ശേഷം ആ വീടിന്റെ ഐശ്വര്യവും സമാധാനവും എല്ലാം പോയി.' 'എന്താടാ ഒന്ന് തെളിച്ചുപറ' അനിയന്റെ ഭാര്യ തുടര്‍ന്നു.'ഏട്ടാ.. രണ്ടുനില വീടല്ലേ വലിയ പഠിപ്പും പത്രാസ്സുമുള്ള പെണ്ണല്ലേ സൗന്ദര്യം തുളുമ്പി നില്‍ക്കുന്ന പെണ്ണല്ലേ എന്നൊക്കെ പറഞ്ഞു അന്ന് നമ്മളെല്ലാവരും അവനെക്കൊണ്ട് കെട്ടിച്ചു. പക്ഷെ അന്നുമുതല്‍ ഈ നിമിഷംവരെ അവളെ എനിക്കൊരു മരുമകളായി കാണാന്‍ പറ്റിയിട്ടില്ല അവള്‍ക്ക് എന്നെ ഒരു അമ്മായിഅമ്മ ആയി കാണാനും പറ്റിയിട്ടില്ല.'
'വീട്ടില്‍ ഒരു ജോലി പോലും ചെയ്യില്ല. അതുപോട്ടെ, രാവിലെ എഴുന്നേല്‍ക്കുന്നത് 10 മണിക്ക്. എന്നിട്ട് ആ വെള്ളാമ്പിച്ചു നില്‍ക്കുന്ന മുഖത്തു എന്തൊക്കെയോ തേച്ചു പിടിപ്പിച്ചു ഒരു മണിക്കൂര്‍ ഇരിക്കും. പിന്നെയാണ് കുളിയും തേവാരവും. അതുമാത്രമല്ല, അവള്‍ക്ക് മാത്രമായി ഒരു കറി ഉണ്ടാക്കണം. ഉണ്ടാക്കിയില്ലേല്‍ അവള്‍ അവനെയും കൂട്ടി കാറില്‍ ഹോട്ടലില്‍ പോയി കഴിക്കും. ഏത് സമയവും ടീവിയുടെ മുന്നില്‍ അല്ലേല്‍ കമ്പ്യൂട്ടറും മടിയില്‍ വെച്ച് ഇരിക്കും. വേണുവും ഭാര്യയും മുഖാമുഖം നോക്കി. അപ്പോള്‍ ഭാര്യ വേണുവിന്റെ മുഖത്തുനിന്ന് ദേഷ്യത്തോടെ തലവെട്ടിച്ചു. അനിയന്റെ ഭാര്യ തുടര്‍ന്നു.
'ന്റെ ചേച്ച്യേ.. അവള്‍ക്ക് ആര്‍ത്തവം ഉണ്ടായാല്‍ പോലും വീട്ടിലെ ഉമ്മറത്തെ പൂജാമുറിയുടെ മുന്നിലൂടെയൊക്കെയാ നടത്തം. അതൊക്കെ സാമാന്യം ബുദ്ധിയുള്ള പെണ്‍കുട്ടികള്‍ ചെയ്യുമോ? എന്നിട്ട് ഞാന്‍ എന്തേലും പറയാന്‍ പോയാല്‍ എന്നോട് തട്ടിക്കേറും. മിനിഞ്ഞാന്ന് ഞാനൊന്ന് കിണറിന്റെ അവിടെ വഴുക്കി വീണു. കാലില്‍ നീരും വന്നു. നടക്കാന്‍ പറ്റാതെ അന്ന് കിടന്നു. അന്ന് ഈ മനുഷ്യനാ അടുക്കള പണി ചെയ്തത്. അവള്‍ക്ക് വെട്ടിവിഴുങ്ങാന്‍ വെച്ചുണ്ടാക്കിയത്. ഒരു തൈലത്തിന്റെ കുപ്പി എടുക്കാന്‍ പറഞ്ഞപ്പോള്‍ അവള്‍ പറയാ അതിന്റെ മണം കേട്ടിട്ട് ചര്‍ദ്ധിക്കാന്‍ വരുന്നെന്ന്. ഞങ്ങള്‍ക്കും ഇല്ലേ ഒരു കൊച്ചിനെ താലോലിക്കാനൊക്കെ മോഹം. അതിനുപോലും അവള്‍ മുടക്കം പറഞ്ഞു. എന്തോ പഠിക്കാന്‍ പോണമത്രേ. അപ്പോള്‍ വയറു വീര്‍ത്താല്‍ മോശമാണെന്ന്. അവസാനം എന്റെയും ഏട്ടന്റെയും അടുത്ത് അവള്‍ക്കിനി നില്‍ക്കാന്‍ പറ്റില്ലെന്ന്. അവനെയും കൂട്ടി ഒരു ഫ്ലാറ്റ് എടുക്കാന്‍ പോവുകയാണത്രെ.
'എന്തൊക്കെയാ ഈ കേള്ക്കുന്നെ ദൈവമേ. ഇങ്ങനെയും പെണ്‍കുട്ടികള്‍ ഉണ്ടോ' സുലോചന മുഖത്ത് കൈവെച്ചു പറഞ്ഞു. 'ഇതൊക്കെയല്ലേ ചേച്ചി അവിടത്തെ കാര്യം. പോകുവാണേല്‍ പോട്ടെ. നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കും അവളും അവനും. അത് ഞങ്ങള്‍ സഹിച്ചോളാം. അല്ല മാളു എന്ത്യേ. കണ്ടില്ലല്ലോ. അല്ലേല്‍ ചായയുമായി വരേണ്ട സമയം കഴിഞ്ഞല്ലോ' അനിയന്റെ ഭാര്യയുടെ ചോദ്യം കേട്ട് വേണു സുലോചനയെ നോക്കി. എന്താ പറയാ എന്നുള്ള ചിന്തയില്‍. 'അവള്‍ രണ്ടൂസം അവളുടെ വീട്ടില്‍ നില്‍ക്കാന്‍ പോയി.' സുലോചനയുടെ മറുപടി കാക്കാതെ വേണു പറഞ്ഞു.'ഏട്ടാ നിങ്ങളുടെ ഭാഗ്യമാണ് മാളു. ഇന്നത്തെ കാലത്തു അങ്ങനെയുള്ള ഒരു കുട്ടിയെ എവിടെയും കിട്ടില്ല. പഠിത്തവും നിര്‍ത്തി ഭര്‍ത്താവിന്റെ മാതാപിതാക്കളെ ശുശ്രൂഷിക്കാന്‍ തീരുമാനമെടുക്കുന്ന ആ മനസ്സുണ്ടല്ലോ അതാണ് ഏറ്റവും വലിയ പുണ്യം'
വേണുവിന്റെ അനിയന്‍ പറഞ്ഞതുകേട്ട് വാക്കുകള്‍ ഇല്ലാതെ വേണു ഇരുന്നു. കുറച്ചു നാളുകള്‍ കഴിഞ്ഞു. സുലോചനയുടെ കാലില്‍ നീര് കൂടിവന്നു. മുറ്റം അടിച്ചുവാരാതെ പുല്ലുകള്‍ മുളച്ചുതുടങ്ങി. അരിമണികള്‍ കാത്ത് മുറ്റത്ത് വീട്ടിലെ കോഴികളും താറാവുകളും കാത്തുനില്‍ക്കാന്‍ തുടങ്ങി. നിലവിളക്കിലെ കരി ദിവസങ്ങളോളം അങ്ങനെ ഇരുന്നു. ഉമ്മറത്തെ മുലകളിലും മറ്റും മാറാലകള്‍ വന്നു തുടങ്ങി. വേണുവിന്റെ പ്രഷറിന്റെ ഗുളിക കഴിക്കേണ്ട സമയം തെറ്റി തുടങ്ങി. എല്ലാംകൊണ്ടും ആ വീട് ഉറങ്ങി. അനക്കമില്ല വെളിച്ചമില്ല ശബ്ദമില്ല. ഓരോരുതരും ഒരു മൂലയില്‍ ഇരുന്നു. 'അച്ചാ.. എനിക്ക് ടിക്കറ്റ് കിട്ടി. മറ്റന്നാള്‍ പോണം. അതിനുമുന്‍പ് അച്ഛന്റെ തീരുമാനം എന്താണെന്നുവെച്ചാല്‍ എടുക്കണം. കാരണം ഒപ്പിടാന്‍ ഞാന്‍ വേണമല്ലോ. പിന്നൊരു കാര്യം, എന്നെ വേറെ പെണ്ണ് കെട്ടിക്കാം എന്നുള്ള ആഗ്രഹം നടക്കില്ല. ഇന്നുവരെ അച്ഛനെ ഞാന്‍ ധിക്കരിച്ചിട്ടില്ല. പക്ഷെ അച്ഛനും അമ്മയും കണ്ടെത്തിത്തന്ന പെണ്ണിനെത്തന്നെയാണ് ഞാന്‍ വിവാഹം ചെയ്തതും. എനിക്കില്ലാത്ത പോരായ്മ അച്ഛന്‍ അവളില്‍ കണ്ടെത്തി കുറ്റം ചുമത്തി പറഞ്ഞയച്ചു. ഞാന്‍ പിന്നെ അവളെ കാണാനും മിണ്ടാനും പോയിട്ടില്ല. രാഹുലിന്റെ ഭാര്യ അത് മാളു തന്നെയാണ്. എന്റെ മരണം വരെ.'
വേണു ഒന്നും മിണ്ടാതെ ചാരുകസേരയില്‍ ചാഞ്ഞിരുന്നു. സുലോചന അകത്തിരുന്നു പുഞ്ചിരിച്ചു. രാഹുലിന് പോവേണ്ട ദിവസമെത്തി.
'അമ്മേ.. അച്ഛനെന്ത്യേ.. ഇറങ്ങേണ്ട സമയമായി.' 'അപ്പൊ നീ പോവാണ് അല്ലേടാ. ആ പാവം പെണ്ണിന്റെ ശാപം വാങ്ങിവെച്ച് പോവുകയാണല്ലേ?''അതിനി ഇവിടെ സംസാരിക്കേണ്ട അമ്മേ, ഞാന്‍ പോട്ടെ.. ' രാഹുല്‍ പെട്ടിയുമായി ഉമ്മറത്തോട്ട് നടന്നു. അപ്പോള്‍ മുറ്റത്ത് ഒരു കാര്‍ വന്നുനിന്നു. ഡോര്‍ തുറന്നു വേണു ഇറങ്ങിവന്നു. 'നീ ഇറങ്ങുവാനായോ.?' 'മ്മ്.. സമയമായി. അച്ഛനെ കാക്കുവായിരുന്നു. ഇനി യാത്ര പറയുന്നില്ല. പോയിവരാം' 'മ്മ്.. പോയിവാ..'അച്ഛന്‍ സമ്മതം മൂളി ചവിട്ടുപടി കയറി. കൂടെ രാഹുല്‍ മുറ്റത്തോട്ടിറങ്ങി.
'പിന്നേ.. പോയിട്ട് ഒരു എട്ട് മാസം കഴിഞ്ഞിങ്ങു പോരെ. നിന്റെ കുട്ടിയെ കാണാന്‍' വേണു തിരിഞ്ഞുനിന്നു രാഹുലിനോടായ് പറഞ്ഞു. പറഞ്ഞത് എന്താണെന്ന് മനസ്സിലാവാതെ രാഹുലും സുലോചനയും വേണുവിനെ നോക്കി. 'അതേടാ... ദാ ഇരിക്കുന്നു കാറില്‍ നിന്റെ മാളു. പോയി ചോദിക്ക് എന്താ കാര്യമെന്ന്.'രാഹുല്‍ കാറിലേക്ക് നോക്കി. പുഞ്ചിരിച്ചു മുഖവുമായി മാളു കാറില്‍ നിന്നിറങ്ങി. നീര് കൂടിയ കാലുമായി സുലോചന അതിവേഗം മാളുവിന്റെ അടുത്തുവന്നു.'മോളെ മാളു' സുലോചന അവളുടെ നെറുകയില്‍ ഉമ്മ വെച്ചു. 'അമ്മേ.. 'അമ്മ ഒരു അച്ചമ്മ ആവാന്‍ പോകുന്നു.. രാഹുലേട്ടാ.,'മാളുവിന്റെ ആ വിളിയില്‍ രാഹുലിന് മനസ്സിലായി താനൊരു അച്ഛന്‍ ആവാന്‍ പോകുന്നുവെന്ന്. മാളുവിനെ നെഞ്ചോട് ചേര്‍ത്തുപിടിച്ചു. 'രണ്ടാളും അകത്തോട്ട് പോയി സ്നേഹപ്രകടനം നടത്തിക്കോ. ഇവിടെ ആളുകള്‍ കാണും.' വേണു ചിരിച്ചുകൊണ്ട് പറഞ്ഞു.
എല്ലാരും അകത്തോട്ട് കയറിപ്പോയി. നടക്കുന്നതിനിടയില്‍ അച്ഛന്‍ പറഞ്ഞു. 'മോളെ മാളു.. അച്ഛനോട് ക്ഷമിക്കണം. നിന്നെ വാക്കുകള്‍ കൊണ്ട് ഒരുപാട് നോവിച്ചിട്ടുണ്ട് ഞാന്‍. അതിനു തിരിച്ചൊരു വാക്കുപോലും പറയാതെ നീ എല്ലാം കേട്ടു. അതുകൊണ്ട് തന്നെയാ ഞാന്‍ തന്നെ നിന്നെ കൂട്ടികൊണ്ടുവന്നത്. നീ പോയതില്‍ പിന്നെ ഈ വീടുറങ്ങി ഞങ്ങള്‍ തനിച്ചായി. നീയായിരുന്നു ഈ വീടിന്റെ വെളിച്ചം. ഇനി അച്ഛന്റെ ഭാഗത്തുനിന്ന് എന്റെ മോളെ വേദനിപ്പിക്കുന്ന ഒരുവാക്കുപോലും വരില്ല''എന്താ അച്ഛാ ഇതൊക്കെ.. അങ്ങനൊന്നും പറയണ്ടാ. ശാസിക്കേണ്ടിടത്ത് ശാസിക്കണം. എങ്കിലേ ഞാന്‍ നല്ല കുട്ടിയാകൂ' മാളുവിന്റെ മറുപടി കേട്ട് എല്ലാരും ചിരിച്ചു. പിന്നീട് ആ വീട് സന്തോഷത്തിന്റെ നാളുകള്‍ മാത്രമായി.
NB: സ്ത്രീധനത്തിന്റെ പേരില്‍ പല പെണ്‍കുട്ടികളും ഇന്നും ഒരുപാട് വിഷമങ്ങള്‍ അനുഭവിക്കുന്നവരുണ്ട്. സ്ത്രീധനം എന്നത് ഒരു പെണ്‍ക്കുട്ടിയുടെ നല്ല മനസ്സ് മാത്രമാണ്. അതിനേക്കാള്‍ വലിയ സ്ത്രീധനം ഇല്ല എന്ന് ചിന്തിക്കുക. ഇനി സ്ത്രീധനത്തിന്റെ പേരില്‍ ഒരു പെണ്‍കുട്ടിയും വിഷമിക്കാതിരിക്കട്ടെ.
രചന: വിപിന്‍ദാസ് അയിരൂര്‍

Comments
Post a Comment