താല്‍പര്യമില്ലാതെ വിവാഹം ചെയ്ത ഭാര്യയെ ഉപേക്ഷിക്കാന്‍ തീരുമാനിച്ച അയാളെ കാത്തിരുന്നത് ആ ഞെട്ടിപ്പിക്കുന്ന കാര്യം ആയിരുന്നു............................
കറുത്തുരുണ്ട് കാണാന്‍ യാതൊരു ഭംഗിയുമില്ലാത്ത ഒരു ഭാര്യയെ മനസ്സ് തുറന്ന് സ്‌നേഹിക്കാന്‍ പറ്റുന്ന എത്ര ഭര്‍ത്താക്കന്മാരുണ്ടാവും. ?
ശരീരത്തിനല്ല മനസ്സിനാണ് സൌന്ദര്യം എന്നൊക്കെ എത്ര വീരവാദം മുഴക്കിയാലും സൌന്ദര്യം കുറഞ്ഞ ഭാര്യമാരുടെ ഭര്‍ത്താക്കന്മാരില്‍ ഞാനടക്കമുള്ള തൊണ്ണൂറ്റൊമ്പത് ശതമാനവും അസംതൃപ്തരാണെന്നുള്ളത് മറച്ചുവെക്കാനാവാത്ത യാഥാര്‍ഥ്യമാണ്...
സ്‌നേഹിക്കാന്‍ പറ്റിയ ഒരു മനസ്സുണ്ടോ എന്നറിയാന്‍ വേണ്ടി അവളുടെ മനസ്സും തപ്പി കുറേ നടന്നെങ്കിലും അങ്ങനൊരു സാധനം കണ്ടെത്താന്‍ പറ്റിയില്ല....
പോരാത്തതിന് അവളുടെ മുടങ്ങാതെയുള്ള സീരിയല് കാണലും പാറപ്പുറത്ത് ചിരട്ടയുറക്കുന്നതുപോലുള്ള ''ചേട്ടാ... ചേട്ടാ ' വിളിയും വല്ലാത്ത അരോചകമായി തോന്നി...
അപ്പുറത്തെ വീട്ടിലെ സുനി....
അവന്റെ കെട്ട്യോളെ കാണാന്‍ അത്യാവശ്യം ചേലും കോലവുമൊക്കെയുണ്ട്..
എന്നിട്ടും അവന്‍ വേറെ പെണ്ണുങ്ങളെ തപ്പി നടക്കുന്ന കാര്യം എനിക്ക് നേരിട്ടറിയാം..
പക്ഷേ അതുപോലുള്ള വൃത്തികെട്ട ഏര്‍പ്പാടിനൊന്നും ഞാന്‍ ഇന്നേവരെ പോയിട്ടില്ല...
ഇവളില്‍ നിന്നൊരു മോചനം...
അത് മാത്രമേ ഞാനിപ്പോള്‍ ആഗ്രഹിക്കുന്നുള്ളൂ....
പെങ്ങളെ കെട്ടിച്ച കടം തീര്‍ക്കാന്‍ വേണ്ടി അപ്പനും അമ്മയും കൂടി തലയില്‍ വച്ചു തന്നതാണ് ഈ കുരുപ്പിനെ...
ഇപ്പൊ ഇവളുടെ വീട്ടുകാരേക്കാളും ആസ്തിയും സമ്പത്തും ഒക്കെയുണ്ട്...
വാങ്ങിയത് പലിശ സഹിതം തിരിച്ചു കൊടുക്കാനും പറ്റും...
പക്ഷേ പറഞ്ഞിട്ടെന്തു കാര്യം ഈ മൊതലിനെ റിട്ടേണ്‍ എടുക്കില്ലെന്നുള്ള കാര്യം ഉറപ്പാണ്..
കൊന്നു കളഞ്ഞാലോ എന്ന് പോലും പലപ്പോഴും ചിന്തിച്ചു പോകാറുണ്ട് പക്ഷേ എന്ത് ചെയ്യാനാ എന്റെ മനസ്സിന് അത്രയ്ക്ക് കട്ടി പോര...
ഡിവോഴ്‌സിനെപ്പറ്റി സംസാരിക്കണമെന്ന് കരുതിയെങ്കിലും അവളോട് സംസാരിക്കാനുള്ള താല്പര്യക്കുറവുകൊണ്ട് അതിന് പറ്റിയില്ല...
ഏതായാലും ഇന്നത്തെക്കൊണ്ട് രണ്ടിലൊന്ന് തീരുമാനിക്കാന്‍ ഉറപ്പിച്ചിട്ട് തന്നെയാണ് വീട്ടിലേക്കു ചെന്നു കേറിയത്....
മൂപ്പത്തി പതിവുപോലെ ടീവിക്ക് മുന്നില്‍ തന്നെയാണ്...
കാലങ്ങളായി ശാരീരിക ബന്ധം ഇല്ലാത്തതിനെക്കുറിച്ചൊന്നും മൂപ്പത്തിക്ക് യാതൊരു പരാതിയോ പരിഭവമോ ഇല്ല...
സമയാസമയം മുടങ്ങാതെ സീരിയല് കണ്ടാല്‍ മാത്രം മതി...
എന്നെ കണ്ടയുടനെ എഴുന്നേറ്റു അടുക്കളയിലേക്കോടി....
ഞാനത് ശ്രദ്ധിക്കാതെ മുറിയില്‍ കയറി ഡ്രസ്സ് മാറി പുറത്തെത്തിയപ്പോഴേക്കും ചായ മേശപ്പുറത്ത് റെഡിയാണ്....
അതെടുത്ത് ചുണ്ടോടടുപ്പിക്കുമ്പോള്‍ അവളോട് കാര്യങ്ങള്‍ എങ്ങനെ അവതരിപ്പിക്കണം എന്ന ചിന്തയായിരുന്നു മനസ്സ് നിറയെ....
അവളെ പേരെടുത്തു വിളിക്കണോ വേണ്ടേ എന്നൊരു സംശയം....
സുമേ.. എന്ന് നീട്ടി വിളിക്കാന്‍ എന്തോ ഒരു അറപ്പ് പോലെ...
അവളാ വിളി കേട്ടിട്ട് എനിക്കവളോട് സ്‌നേഹം കൂടിയതുകൊണ്ട് വിളിച്ചതാണെന്നു തെറ്റിദ്ധരിച്ചു പാറപ്പുറത്ത് ചിരട്ട ഉരക്കുന്ന ശബ്ദത്തോടെ ചേട്ടാ എന്ന് വിളിച്ചുകൊണ്ട് ചീറിയടുക്കുന്ന രംഗമാണ് അന്നേരം മനസ്സിലേക്ക് ഓടി വന്നത്...
അങ്ങനെ അവളെ വിളിക്കണോ വേണ്ടേ എന്നുള്ള കണ്‍ഫ്യുഷനില്‍ ഇരിക്കുന്നതിനിടക്കാണ് അവള്‍ പതിവില്ലാതെ ടീവിയും ഓഫ് ചെയ്തു എന്റടുത്തേക്ക് വന്നത്...
ആളുടെ മുഖത്തൊരല്‍പ്പം ഗൗരവം മുറ്റി നില്ക്കുന്നുണ്ട്...
ഞാന്‍ ഇരിക്കുന്നിടത്തു നിന്നും അല്‍പ്പം മാറി ചുമരില്‍ ചാരി എന്നെത്തന്നെ നോക്കുന്ന അവളെ ഞാന്‍ മെല്ലെ ഇടംകണ്ണിട്ടു നോക്കിക്കൊണ്ട് ചായകുടിച്ചുകൊണ്ടിരുന്നു...
'അതേ എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു ''....
ഇത്തവണ അവളുടെ സംസാരത്തില്‍ സ്പഷ്ടമായ മാറ്റം തോന്നി എന്തോ ഒരു ദൈന്യത ഉള്ളതുപോലെ...
'ഉം... എന്താ ' അവളെ നോക്കാതെ ഞാന്‍ അവള്‍ക്ക് പറയാനുള്ളത് പറയാനുള്ള അനുവാദം കൊടുത്തു...
'എനിക്ക് കുറച്ചു കാലമായി വിട്ടുമാറാത്ത തലവേദന...
ഞാന്‍ നിങ്ങളോട് പറയാഞ്ഞിട്ടായിരുന്നു '
'ആ അത് നീ ഇരുപത്തിനാലു മണിക്കൂറും ടീവിക്ക് മുന്നില്‍ ഇരുന്നിട്ടാവും ' എന്ന് അലസമായി മറുപടി പറഞ്ഞുകൊണ്ട് ഞാന്‍ ചായകുടി തുടര്‍ന്നു...
'ഏയ് അതൊന്നുമല്ല... ഞാന്‍ മിനിഞ്ഞാന്ന് ഹോസ്പിറ്റലില്‍ പോയി ചെക്കപ്പും സ്‌കാനിങ്ങും ഒക്കെ നടത്തി നോക്കി...
ഇന്നാണ് അതിന്റെ റിസല്‍ട്ട് വന്നത്.... ' എന്ന് പറഞ്ഞുകൊണ്ട് അവള്‍ നിര്‍ത്തിയപ്പോള്‍ എന്റെ മനസ്സില്‍ അകാരണമായ എന്തോ ഒരു ഭയം വന്നു തുടങ്ങിയതുപോലെ..
ഇതുവരെ അവളോടില്ലാതിരുന്ന എന്തോ ഒരു ഉത്കണ്ട....
അവള്‍ക്ക് പറയാനുള്ളത് എന്താണെന്ന് കേള്‍ക്കാനുള്ള ഒരു ധൃതി എന്റെ മനസ്സിനെ ചെറുതായൊന്നു പിടിച്ചുലച്ചതുപോലെ....
അപ്പോഴേക്കും അവളോട് പറയാന്‍ വേണ്ടി മനസ്സില്‍ ഉറപ്പിച്ചതെല്ലാം എന്റെ മനസ്സില്‍ നിന്നും ഇല്ലാതായി...
അവളുടെ ഭാക്കി വാചകങ്ങള്‍ക്കായി ഞാന്‍ കാതോര്‍ത്തിരുന്നു...
'അതേ.... ഞാന്‍ പറയുന്നത് കേട്ട് നിങ്ങള് ബേജാറാവണ്ട...
ചിലപ്പൊ ഞാന്‍ രക്ഷപ്പെടും...
അഥവാ രക്ഷപ്പെട്ടില്ലെങ്കില്‍ നിങ്ങള് എന്നെക്കാള്‍ സുന്ദരിയായ നല്ലൊരു പെണ്ണിനെ കെട്ടി സുഖമായി ജീവിക്കും എന്ന് വാക്ക് തരണം ' എന്ന് പറഞ്ഞുകൊണ്ട് അവളുടെ കറുത്തിരുണ്ട കൈകള്‍ എന്റെ നേരെ നീണ്ടു...
ഞാന്‍ അറിയാതെ ആ കൈകള്‍ നെഞ്ചോട് ചേര്‍ത്തു പിടിച്ചപ്പോള്‍ അവള്‍ ചിരിച്ചുകൊണ്ട് പറയുന്നത് കേട്ടു....
ആ പഴയ ചിരട്ട ഉരയ്ക്കുന്ന ശബ്ദത്തില്‍...
'ചേട്ടാ... ഡോക്ടറു പറഞ്ഞത് എനിക്ക് ബ്രെയിന്‍ട്യൂമര്‍ ആണെന്നാ '
അവള്‍ ഒരു കാര്യം കൂടി ആവശ്യപ്പെട്ടു...
അവളോടൊപ്പം ചിലവഴിക്കാന്‍ കുറച്ചു സമയം കണ്ടെത്തുമോ എന്ന്....
അത് നിരസിക്കാന്‍ മാത്രം എന്റെ മനസ്സിന് കട്ടി ഇല്ലായിരുന്നു...
അന്ന് രാത്രി കിടന്നിട്ട് ഉറക്കം വന്നില്ല...
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വരാതായപ്പോള്‍ ഞാന്‍ വളരെ നാളുകള്‍ക്കു ശേഷം അവളോട് ചേര്‍ന്ന് കിടന്നു...
ജീവിതത്തില്‍ ആദ്യമായി ഞാനവളുടെ മനസ്സ് കണ്ടുതുടങ്ങിയത് അവളോട് ചേര്‍ന്ന് കിടന്ന ആ നിമിഷം മുതലാണ്...
അവളുടെ തൊലിപ്പുറത്തുള്ള കറുപ്പിനേക്കാള്‍ വലിയ ഇരുട്ടായിരുന്നു എന്റെയുള്ളില്‍....
അവളുടെ മനസ്സിന്റെ വെളിച്ചം കടന്നു വന്നതോടെ ആ ഇരുട്ട് പതിയെ മാഞ്ഞു തുടങ്ങി...
എന്നെക്കൊണ്ട് ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ അവളെ ഇത്രയധികം പ്രണയിച്ചു തുടങ്ങാന്‍ പറ്റുമെന്ന് ഞാന്‍ സ്വപ്നത്തില്‍ കൂടി കരുതിയിരുന്നില്ല...
അവള്‍ക്ക് വേണ്ടി എന്നാല്‍ കഴിയുന്നതെല്ലാം ചെയ്തു ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണം.....
ഇനിയുമെനിക്ക് കൊതിതീരെ പ്രണയിക്കണമവളെ...
Nb:- ചിലതൊക്കെ അങ്ങനെയാണ്...
നഷ്ടപ്പെട്ടു എന്ന് തോന്നിത്തുടങ്ങുമ്പോഴായിരിക്കും അതിന്റെ യഥാര്‍ത്ഥ മൂല്യം നമ്മള്‍ തിരിച്ചറിയുക
അവള്‍ ജീവിതത്തിലേക്ക് തിരിച്ചു വരുമായിരിക്കും അല്ലേ ??
രചന: Saleel Bin Qasim

Comments
Post a Comment